ഇന്ത്യയോടുള്ള നിലപാടിൽ മാറ്റവുമായി നേപ്പാൾ പ്രധാനമന്ത്രി ; ഈ മാസം ഇന്ത്യാ സന്ദർശനം

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ നിലപാട് മാറ്റവുമായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ. ആറുമാസം മുമ്പ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച ബാലൻ ഷാ, ഇപ്പോൾ അദ്ദേഹവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങുകയും ചെയ്യുകയാണ്. പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത മാറ്റം നയതന്ത്ര വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ആറുമാസം മുമ്പ് വിക്രം മിസ്രി കാഠ്മണ്ഡു സന്ദർശിച്ചപ്പോൾ കൂടിക്കാഴ്ചയ്ക്ക് ബാലൻ ഷാ തയ്യാറായിരുന്നില്ല. തന്റെ പദവിക്ക് യോജിച്ച ഉദ്യോഗസ്ഥനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ച നിരസിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. എന്നാൽ അടുത്തിടെ മിസ്രി വീണ്ടും നേപ്പാൾ സന്ദർശിച്ചപ്പോൾ ബാലൻ ഷാ അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുകയും ഉഭയകക്ഷി വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തുകയും ചെയ്തു.

ഈ നിലപാട് മാറ്റത്തിന് പിന്നിൽ നേപ്പാളിന്റെ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമാണത്തിനായി ഇന്ത്യയിൽനിന്ന് ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് നേപ്പാൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഗൂർഖകളുടെ നിയമനവുമായി ബന്ധപ്പെട്ട് അഗ്നിപഥ് പദ്ധതിയുടെ നിബന്ധനകളെച്ചൊല്ലി നിലനിൽക്കുന്ന തർക്കം പരിഹരിക്കാനും നേപ്പാൾ ലക്ഷ്യമിടുന്നുണ്ട്.

ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനത്തിനായി ബാലൻ ഷാ ഈ മാസം 22 മുതൽ 25 വരെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സഹായം, പ്രതിരോധ സഹകരണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വ്യക്തതയുണ്ടാകുമെന്നുമാണ് പ്രതീക്ഷ.

മറുപടി രേഖപ്പെടുത്തുക