കൊച്ചിയിൽ ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പരുക്കേറ്റ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) ശ്രീദത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹാത്മ ബസും കാക്കനാട് സ്വദേശിയായ ഡ്രൈവർ അനീഷും പൊലീസ് കസ്റ്റഡിയിലെടുത്തു.
മേനക ഭാഗത്തുനിന്ന് എത്തിയ ബസാണ് പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയത്. അമിതവേഗത്തിലെത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
കൊച്ചിയിലെ സ്വകാര്യ ബസ് ഡ്രൈവർമാരുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം. അപകടകരമായി വാഹനമോടിക്കുന്ന ബസ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്തുതരം ഡ്രൈവിങ്ങാണ് ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് തൊട്ടുപിന്നാലെ തന്നെ ട്രാഫിക് പൊലീസുകാരനെ ബസ് ഇടിച്ചുവീഴ്ത്തിയത് നഗരത്തിലെ സ്വകാര്യ ബസുകളുടെ അമിതവേഗവും സുരക്ഷിതത്വവും വീണ്ടും ചർച്ചയാക്കുകയാണ്.
