പത്താം ക്ലാസ് പരീക്ഷയിൽ പുതിയ ഇളവുമായി സിബിഎസ്ഇ; ഒരു വിഷയത്തിൽ തോറ്റാലും നൈപുണ്യ വിഷയം രക്ഷയാകും

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പരീക്ഷാ പരിഷ്കാരവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ പരാജയപ്പെട്ടാലും തിരഞ്ഞെടുത്ത നൈപുണ്യ വിഷയത്തിൽ വിജയിച്ചാൽ വിദ്യാർത്ഥിയെ വിജയിയായി കണക്കാക്കുന്ന സംവിധാനമാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാസമ്മർദം കുറയ്ക്കുകയും നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം.

2027-28 അധ്യയന വർഷം മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും. നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2028-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇതിന്റെ പ്രയോജനം ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഹെൽത്ത് കെയർ തുടങ്ങിയ 22 നൈപുണ്യ വിഷയങ്ങളിലൊന്ന് തിരഞ്ഞെടുത്ത് വിജയിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.

പുതിയ പദ്ധതി പ്രകാരം വിദ്യാർത്ഥികൾ ആകെ ഒമ്പത് വിഷയങ്ങൾ പഠിക്കണം. രണ്ട് ഭാഷകൾ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവ ഉൾപ്പെടെ അഞ്ച് വിഷയങ്ങളിലാണ് നിർബന്ധമായും ബോർഡ് പരീക്ഷ എഴുതേണ്ടത്. നൈപുണ്യ വിഷയങ്ങളിൽ വിജയിക്കുന്നവർക്ക് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (NSQF) പ്രകാരമുള്ള സർട്ടിഫിക്കറ്റും ലഭിക്കും.

നൈപുണ്യ വിഷയത്തിലെ മാർക്ക് പരിഗണിച്ചിട്ടും മറ്റൊരു പ്രധാന വിഷയത്തിൽ പരാജയപ്പെട്ടാൽ ആ വിഷയത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരവും തുടരും. എന്നാൽ ഈ പരിഷ്കാരം പത്താം ക്ലാസിന് ശേഷമുള്ള പ്ലസ് വൺ പ്രവേശനത്തിൽ പ്രത്യേക സ്ട്രീം ഉറപ്പുനൽകുന്നില്ല. സയൻസ് പോലുള്ള വിഷയസമൂഹങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം അതത് സ്കൂളുകളുടേതായിരിക്കും. വിദ്യാഭ്യാസ നിലവാരം നിലനിർത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് അധിക അവസരം നൽകുന്നതാണ് പരിഷ്കാരമെന്ന് സിബിഎസ്ഇ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക