വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല. വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന 16 വിദ്യാർത്ഥികൾ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.
സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്. വിദ്യാർത്ഥികളുടെ പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം മാപ്പപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കാതെ സസ്പെൻഷൻ പിൻവലിക്കില്ലെന്നും സർവകലാശാല വ്യക്തമാക്കി. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും അക്കാദമിക് അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനെ തുടർന്നുള്ള നടപടിയാണെന്നും സർവകലാശാല വാദിച്ചു. സസ്പെൻഷനിലായ വിദ്യാർത്ഥികൾ നേരത്തെയും അച്ചടക്കനടപടികളും പൊലീസ് കേസുകളും നേരിട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളും കേസ് വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നും സർവകലാശാല വ്യക്തമാക്കി. പരീക്ഷ എഴുതാൻ കഴിയാത്തതിന് സർവകലാശാല ഉത്തരവാദിയല്ലെന്നും അധികൃതർ കോടതിയെ അറിയിച്ചു.
