മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ധൻഖറിന് എത്രയും വേഗം രോഗമുക്തി ആശംസിച്ച മഹുവ, കേന്ദ്ര സർക്കാരിനെ പരിഹസിക്കാനും സംഭവം ഉപയോഗിച്ചു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം ഇനി പ്രഭാതസവാരിക്ക് ഇറങ്ങരുതെന്നായിരുന്നു എക്സിലൂടെയുള്ള അവരുടെ പരിഹാസം.
ബുധനാഴ്ച രാവിലെ ന്യൂഡൽഹിയിൽ പ്രഭാതസവാരിക്കിടെയാണ് 75കാരനായ ധൻഖർ ബോധരഹിതനായി വീണത്. ഏതാനും മിനിറ്റുകളോളം അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ വസതിയിലെത്തിച്ചു. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ മെഡിക്കൽ സംഘവും എയിംസിലെ ഡോക്ടർ സന്ദീപ് സേത്തും വസതിയിലെത്തി പരിശോധന നടത്തി. ആരോഗ്യനില പരിഗണിച്ച് പിന്നീട് ആംബുലൻസിൽ എയിംസിലേക്ക് മാറ്റുകയായിരുന്നു.
എയിംസിലെ കാർഡിയോ ന്യൂറോ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന ധൻഖർ കാർഡിയോളജി വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടിട്ടില്ല.
ധൻഖറിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മഹുവ, ഈ സർക്കാർ ഭരിക്കുന്ന കാലത്ത് ഇനി പ്രഭാതസവാരിക്ക് പോകരുതെന്നും കുറിച്ചു. 2025 ജൂലൈ 21ന് ഉപരാഷ്ട്രപതി പദവിയിൽനിന്ന് രാജിവെച്ച ധൻഖറിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് മഹുവയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
ഉപരാഷ്ട്രപതിയുടെ കാലാവധി അവസാനിക്കാൻ രണ്ടുവർഷം ശേഷിക്കെയായിരുന്നു ധൻഖറിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യകാരണങ്ങളാണ് രാജിക്ക് ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയതെങ്കിലും കേന്ദ്ര സർക്കാരുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന കാലം മുതൽ ധൻഖറും തൃണമൂൽ കോൺഗ്രസും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ ഭിന്നത നിലനിന്നിരുന്നു.
മുതിർന്ന നേതാവിന്റെ ആരോഗ്യപ്രശ്നത്തിൽ പോലും രാഷ്ട്രീയം കലർത്തിയെന്ന വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ മഹുവയുടെ പരിഹാസത്തെ പിന്തുണച്ചും നിരവധി പേർ പ്രതികരിച്ചു.
