സോണിയ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നു; നിർമ്മാണച്ചുമതല കോൺഗ്രസ് നേതാക്കൾക്ക്

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ ഒരുങ്ങി തെലങ്കാനയിലെ കോൺഗ്രസ് നേതാക്കൾ. സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് ടിപിസിസി വർക്കിംഗ് പ്രസിഡന്റും എംഎൽഎയുമായ ജഗ്ഗ റെഡ്ഡി പ്രഖ്യാപിച്ചു. സംഗറെഡ്ഡി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം.

ബുധനാഴ്ച സംഗറെഡ്ഡിയിൽ മകന്റെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ജഗ്ഗ റെഡ്ഡി സിനിമാ പ്രഖ്യാപനം നടത്തിയത്. സോണിയ ഗാന്ധിയുടെ ജീവിതത്തിലെ ത്യാഗങ്ങളും പ്രതിസന്ധികളും രാഷ്ട്രീയ യാത്രയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ മരുമകൾ, രാജീവ് ഗാന്ധിയുടെ ഭാര്യ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മാതാവ് എന്നീ നിലകളിലുള്ള അവരുടെ ജീവിതവും രാഷ്ട്രീയ മുന്നേറ്റവും ചിത്രത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ അവസരമുണ്ടായിട്ടും സോണിയ ഗാന്ധി അത് നിരസിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് ജഗ്ഗ റെഡ്ഡി അഭിപ്രായപ്പെട്ടു. ഭർത്താവ് രാജീവ് ഗാന്ധിയുടെ മരണശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പിന്നീട് യുപിഎ ഭരണകാലത്തും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റുള്ളവരെ പിന്തുണച്ചത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിൽ അറിവുള്ള നേതാവാണ് സോണിയ ഗാന്ധിയെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് അവരുടെ ആഗ്രഹമെന്നും ജഗ്ഗ റെഡ്ഡി കൂട്ടിച്ചേർത്തു.

സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 50 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും ഗാന്ധി ഭവൻ പിആർഒ ഹരിപ്രസാദ് മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിന്റെയും സാന്നിധ്യത്തിൽ ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് പദ്ധതിയെന്നും സംരംഭത്തിനായി സാമ്പത്തികമായി തയ്യാറെടുക്കാൻ പാർട്ടി നേതാക്കളോട് അദ്ദേഹം അഭ്യർഥിച്ചു.

മറുപടി രേഖപ്പെടുത്തുക