രാജസ്ഥാൻ ഹൈക്കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, മയക്ക് മരുന്ന് കേസിൽനിന്നും രക്ഷപെടാൻ വ്യാജ ജാമ്യ ഉത്തരവുകൾ പുറപ്പെടുവിച്ചു, അച്ഛനും മകനും അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യാജ ജാമ്യ ഉത്തരവുകൾ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് കുൽവീന്ദർ സിംഗ് പനേസർ (53), മകൻ മൻപ്രീത് സിംഗ് എന്നിവരെ ജോധ്പൂർ പൊലീസ് പിടികൂടിയത്. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കടന്നുകയറി വ്യാജ കോടതി ഉത്തരവുകൾ പ്രസിദ്ധീകരിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീഗംഗാനഗർ ജില്ലയിൽ 8.061 കിലോഗ്രാം കറുപ്പ് പിടിച്ചെടുത്ത കേസിലെ പ്രതിയാണ് കുൽവീന്ദർ സിംഗ്. ഇയാൾക്കെതിരെ രാജിയസർ പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു. കേസിൽ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കാലാവധി അവസാനിച്ചതിനെ തുടർന്ന് ജൂൺ ഒൻപതിന് കോടതിയിൽ കീഴടങ്ങിയില്ല. ഇതോടെ ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

അറസ്റ്റ് ഒഴിവാക്കാൻ കുൽവീന്ദർ സിംഗ് മകനുമായി ചേർന്ന് വ്യാജരേഖകൾ നിർമിക്കുകയായിരുന്നു. ഇതിനായി മൻപ്രീത് സിംഗ് കാനഡയിൽനിന്ന് ഇന്ത്യയിലെത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഹൈക്കോടതിയുടെ യഥാർഥ ഉത്തരവുകൾക്ക് സമാനമായ രീതിയിൽ ഒക്ടോബർ 12, 15, 26 തീയതികളിലായി മൂന്ന് വ്യാജ ജാമ്യ ഉത്തരവുകൾ ഇരുവരും ചേർന്ന് തയ്യാറാക്കി.

ജസ്റ്റിസ് ചന്ദ്രശേഖർ ശർമ ഇടക്കാല ജാമ്യം സ്ഥിരം ജാമ്യമാക്കി മാറ്റി ഉത്തരവിട്ടെന്നായിരുന്നു ഒക്ടോബർ 26ലെ വ്യാജ രേഖയിലെ പരാമർശം. ഈ ഉത്തരവുകൾ രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്തു.

നവംബർ മൂന്നിനാണ് തട്ടിപ്പ് പുറത്തുവന്നത്. കുൽവീന്ദർ സിങ്ങിനുവേണ്ടി നേരത്തെ ഹാജരായിരുന്ന അഭിഭാഷകൻ കൈലാഷ് ഖിലേറിയക്ക് ഉത്തരവുകളിൽ സംശയം തോന്നിയതിനെ തുടർന്ന് ഹൈക്കോടതി ജീവനക്കാരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്.

വ്യാജ ഉത്തരവുകളിൽ പരാമർശിച്ച തീയതികളിൽ കേസ് കോടതിയുടെ പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നില്ല. കൂടാതെ, രേഖകളിൽ ഉൾപ്പെടുത്തിയ രജിസ്ട്രേഷൻ നമ്പറുകൾ 18,756, 15,786 എന്നിവ അന്നുവരെ കോടതിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു. നിലവിലില്ലാത്ത സർക്കാർ അഭിഭാഷകന്റെ പേരും വ്യാജ ഉത്തരവുകളിൽ ഉൾപ്പെടുത്തിയിരുന്നതായി കണ്ടെത്തി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത ഹൈക്കോടതി രജിസ്ട്രി നിയമവകുപ്പിനോട് റിപ്പോർട്ട് തേടുകയും തട്ടിപ്പ്, ഐടി നിയമങ്ങൾ എന്നിവ പ്രകാരം കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ സുരക്ഷിതമായ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യാജ ഉത്തരവുകൾ എങ്ങനെ അപ്‌ലോഡ് ചെയ്തുവെന്നും ഇതിൽ സാങ്കേതിക ജീവനക്കാർക്കോ മറ്റാർക്കെങ്കിലുമോ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

ജോധ്പൂർ പൊലീസ് കമ്മീഷണർ അൻഷുമാൻ ഭോമിയയുടെ നിർദേശപ്രകാരം കുടി ഭഗത്സുനി പൊലീസ് ലുധിയാനയിലെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഡിസിപി (വെസ്റ്റ്) കമൽ ഷെഖാവത്ത് സ്ഥിരീകരിച്ചു. പ്രതികളെ ജോധ്പൂരിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക