ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയിൽ; 3,230 കോടി രൂപയുടെ ‘യുഗേ യുഗി ഭാരത്’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ഇന്ത്യയുടെ ചരിത്രവും നാഗരികതയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വമ്പൻ മ്യൂസിയം പദ്ധതിയായ ‘യുഗേ യുഗി ഭാരത് നാഷണൽ മ്യൂസിയ’ത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 3,230 കോടി രൂപ ചെലവിൽ ന്യൂഡൽഹിയിൽ നടപ്പാക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയത്.

രാഷ്ട്രപതി ഭവന് സമീപമുള്ള റെയ്‌സിന കുന്നുകളിലെ ചരിത്രപ്രസിദ്ധമായ നോർത്ത്, സൗത്ത് ബ്ലോക്കുകളിലാണ് മ്യൂസിയം ഒരുക്കുന്നത്. 1912നും 1931നും ഇടയിൽ നിർമിച്ച ഈ കെട്ടിടങ്ങളിലെ സർക്കാർ ഓഫീസുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റിയ ശേഷമാകും മ്യൂസിയമാക്കി മാറ്റുക. കെട്ടിടങ്ങളുടെ തനതായ വാസ്തുവിദ്യയും ചരിത്രപരമായ പൈതൃകവും സംരക്ഷിച്ചുകൊണ്ടായിരിക്കും നവീകരണം.

ഇന്ത്യയുടെ പുരാതന നാഗരികത, ചരിത്രം, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ദൃശ്യവും അദൃശ്യവുമായ പൈതൃകങ്ങൾ എന്നിവ സമഗ്രമായി അവതരിപ്പിക്കുന്ന രീതിയിലാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യയും പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാലറികളും പദ്ധതിയുടെ ഭാഗമാകും. പൂർത്തിയാകുന്നതോടെ 1,78,509 ചതുരശ്ര മീറ്റർ പ്രദർശന വിസ്തീർണമുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാണ് നിർമാണവും വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുക. ഇതിന്റെ ആദ്യഘട്ടമായി നോർത്ത് ബ്ലോക്കിലെ ‘അഡോർണേഷൻ’ എന്ന പൊതുഗാലറി 2027ന്റെ രണ്ടാം പകുതിയിൽ സന്ദർശകർക്കായി തുറന്നുകൊടുക്കും. പ്രതിവർഷം ഒരു കോടിയിലധികം സന്ദർശകർ മ്യൂസിയത്തിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മ്യൂസിയത്തിന്റെ ഗാലറികൾ ഒരുക്കുന്നതിനും പുരാവസ്തുക്കളുടെ സംരക്ഷണത്തിനും സന്ദർശക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് 3,230 കോടി രൂപ വിനിയോഗിക്കുക. ലാൻഡ്‌സ്‌കേപ്പിംഗ്, ഇന്റലിജന്റ് ബിൽഡിംഗ് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടിക്കറ്റ് വിൽപ്പന, ഭക്ഷണശാലകൾ, പ്രത്യേക പരിപാടികൾക്കുള്ള വേദികളുടെ വാടക, ഡിജിറ്റൽ അനുഭവങ്ങൾ, ഗൈഡഡ് ടൂറുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ മ്യൂസിയത്തിന് വരുമാനം കണ്ടെത്താനും പദ്ധതിയുണ്ട്.

2023 മേയ് 18നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. 2026 ജൂലൈ 27ന് പൊതു നിക്ഷേപ ബോർഡിന്റെ പ്രാഥമിക അനുമതിയും ലഭിച്ചിരുന്നു. മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചതോടെ രാജ്യത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ബൃഹദ് പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം കൈവരും.

മറുപടി രേഖപ്പെടുത്തുക