ആറുമാസത്തിനിടെ യുഡിഎഫിൽ വിസ്മയകരമായ തമ്മിലടി; സർക്കാരിനെതിരെ വിമർശനവുമായി ബിനോയ് വിശ്വം

ഭരണത്തിലെത്തി ആറുമാസം പിന്നിടുമ്പോഴേക്കും യുഡിഎഫിലെ വിസ്മയകരമായ തമ്മിലടി കേരളം കാണുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള വൈദ്യുതി വാണിജ്യ യുദ്ധം രൂക്ഷമാകുമ്പോഴും സംസ്ഥാനത്തെ പവർകട്ട് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

സരൾ ബില്ലിലൂടെയും മാരിടൈം ബില്ലിലൂടെയും സംസ്ഥാനത്തെ മണ്ണും വയലും കടലും കായലും കോർപ്പറേറ്റ് കൊള്ളക്കാർക്ക് തീറെഴുതുന്ന കാര്യത്തിൽ മാത്രമാണ് ഭരണകർത്താക്കൾക്കിടയിൽ യോജിപ്പുള്ളതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

മുഖ്യമന്ത്രിയെക്കുറിച്ച് യുഡിഎഫ് കൺവീനർ നടത്തിയ പരിഹാസപരമായ പരാമർശവും അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയും മുന്നണിയിലെ ആഭ്യന്തര ഭിന്നതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ജനതാൽപ്പര്യങ്ങൾക്ക് പരിഗണന നൽകാതെ ഭരണത്തലവന്മാരുടെ വ്യക്തിതാൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

നിരുത്തരവാദിത്വം നിറഞ്ഞ സർക്കാരിന് വോട്ട് ചെയ്തതിൽ കേരളത്തിലെ ജനങ്ങൾ ഇന്ന് ദുഃഖിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അത്തരം സാഹചര്യത്തിൽ രാഷ്ട്രീയ വ്യക്തതയോടെ പരസ്പരബന്ധം ശക്തിപ്പെടുത്തി മുന്നോട്ടുപോകുകയാണ് എൽഡിഎഫിന്റെ കടമയെന്നും സിപിഐ വിശ്വസിക്കുന്നതായി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക