പാകിസ്ഥാനിൽ പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. സർക്കാർ ഉടമസ്ഥതയിലുള്ള സുയി ഗ്യാസ് പൈപ്പ്ലൈൻ വഴിയുള്ള വിതരണം വെട്ടിക്കുറച്ചതോടെ പാചകത്തിനുപോലും ഇന്ധനം ലഭിക്കാതെ ജനങ്ങൾ ദുരിതത്തിലായി. ഇതിനുപുറമെ, പണപ്പെരുപ്പവും ബദൽ ഇന്ധനമായ എൽപിജിയുടെ വിലവർധനയും സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം ഖൈബർ പഖ്തുൻഖ്വയിൽ ഗ്യാസ് ക്ഷാമം അതീവ ഗുരുതരമായ സാഹചര്യത്തിലെത്തി. വീടുകളിലേക്കുള്ള പൈപ്പ്ലൈൻ ഗ്യാസ് വിതരണം തടസ്സപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുകയാണ്. ഇതോടെ ആവശ്യകത കുത്തനെ ഉയരുകയും ഒരു കിലോ എൽപിജിയുടെ വില 380 പാകിസ്ഥാൻ രൂപയിൽനിന്ന് 600 രൂപയായി വർധിക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ വില 620 രൂപ വരെയെത്തിയിട്ടുണ്ട്.
പെഷവാറിലെ ഇന്ധന സ്റ്റേഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല. സിഎൻജി ലഭ്യത കുറഞ്ഞതോടെ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ നീണ്ട നിരയിലാണ്. സിഎൻജിയുടെ അഭാവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരും എൽപിജിയിലേക്ക് മാറിയിട്ടുണ്ട്. ഇതും എൽപിജിയുടെ ആവശ്യകതയും വിലയും വർധിക്കാൻ കാരണമായി.
ഖൈബർ പഖ്തുൻഖ്വയിൽ മാത്രമല്ല, ഇസ്ലാമാബാദ്, റാവൽപിണ്ടി തുടങ്ങിയ നഗരങ്ങളിലും ഗ്യാസ് പ്രതിസന്ധി രൂക്ഷമാണ്. ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) ഒരു കിലോ എൽപിജിയുടെ വില 279 പാകിസ്ഥാൻ രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഡീലർമാർ 600 രൂപയ്ക്കാണ് വിൽക്കുന്നത്. അമിതവില ഈടാക്കി ഡീലർമാർ ലാഭം കൊയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗ്യാസ് ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതോടെ പല കുടുംബങ്ങളും പാചകത്തിനായി വിറകിനെയും കൽക്കരിയെയും ആശ്രയിക്കുന്നതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ദിവസത്തിൽ ആറ് മണിക്കൂർ മാത്രമാണ് ചില പ്രദേശങ്ങളിൽ പൈപ്പ്ലൈൻ ഗ്യാസ് ലഭിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലെ ഏഴ് മുതൽ ഒൻപത് വരെയും ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയും വൈകിട്ട് ആറ് മുതൽ ഒൻപത് വരെയുമാണ് വിതരണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഗ്യാസ് വിതരണം പുനഃസ്ഥാപിക്കണമെന്നും എൽപിജി വില നിയന്ത്രിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. അമിതവില ഈടാക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
