യൂട്യൂബ് വീഡിയോ നീക്കലിൽ ഇന്ത്യ ഒന്നാമത്; മൂന്ന് മാസത്തിനിടെ നീക്കിയത് 34.4 ലക്ഷം വീഡിയോകൾ

യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വീഡിയോകൾ നീക്കം ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് അപ്‌ലോഡ് ചെയ്ത 34,41,973 വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. ഇന്ത്യ ടുഡേയും സ്റ്റോറിബോർഡ് 18ഉം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

12,40,512 വീഡിയോകൾ നീക്കം ചെയ്ത അമേരിക്കയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇന്തോനേഷ്യ (9,15,923), ബ്രസീൽ (8,41,803), ബംഗ്ലാദേശ് (3,16,775) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

ആഗോളതലത്തിൽ നീക്കം ചെയ്ത വീഡിയോകളിൽ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയായിരുന്നു. 11.3 ശതമാനം വീഡിയോകൾ ഉപദ്രവവും സൈബർ ബുള്ളിയിങ്ങും തടയുന്നതിന്റെ ഭാഗമായാണ് നീക്കിയത്. നീക്കം ചെയ്ത വീഡിയോകളിൽ 98.6 ശതമാനവും യൂട്യൂബിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് കണ്ടെത്തിയത്.

ഇതേ കാലയളവിൽ 27.32 ലക്ഷത്തിലധികം യൂട്യൂബ് ചാനലുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, 2026 ജനുവരി മുതൽ ജൂൺ വരെ ഇന്ത്യൻ കോടതികളിൽനിന്നും സർക്കാർ ഏജൻസികളിൽനിന്നുമായി ലഭിച്ച 4,006 ഉള്ളടക്കം നീക്കാനുള്ള പരാതികളിൽ 3,399 എണ്ണവും യൂട്യൂബിനെതിരെയായിരുന്നു. അപകീർത്തിപ്പെടുത്തൽ സംബന്ധിച്ച പരാതികളാണ് ഇതിൽ കൂടുതലെന്നും ഗൂഗിളിന്റെ സുതാര്യതാ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക