നാല് തൊഴിൽ കോഡുകളും പിൻവലിക്കണമെന്നും തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ തൊഴിലാളികൾ പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്. തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
2015 മുതൽ ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കാതെയും തൊഴിലാളി സംഘടനകളുമായി അർഥവത്തായ കൂടിയാലോചനകൾ നടത്താതെയുമാണ് നാല് തൊഴിൽ കോഡുകൾ തയ്യാറാക്കി വിജ്ഞാപനം ചെയ്തതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. ട്രേഡ് യൂണിയനുകളുടെ നിരന്തരമായ എതിർപ്പുകൾ അവഗണിച്ചാണ് സർക്കാർ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ കോഡുകൾ പിൻവലിച്ച് തൊഴിൽ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണം. നിലവിലുള്ള വേതന, സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും സാമ്പത്തിക നയരൂപീകരണത്തിൽ തൊഴിലാളി പ്രതിനിധികൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ 20ന് ഫിക്കോയുടെ ശതാബ്ദി ആഘോഷത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും എം.എ. ബേബി കത്തിൽ പരാമർശിച്ചു. സർക്കാരിൽ നിന്ന് വിവിധ ഇളവുകൾ ലഭിച്ചിട്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ തയ്യാറാകുന്നില്ലെന്ന മോദിയുടെ വിമർശനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷത്തെ കേന്ദ്രസർക്കാർ നയങ്ങളിലെ വൈരുധ്യമാണ് പ്രധാനമന്ത്രി തന്നെ തുറന്നുകാട്ടിയതെന്ന് ബേബി പറഞ്ഞു.
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചിട്ടും തൊഴിലാളികളുടെ യഥാർഥ വരുമാനം ഇടിഞ്ഞു. 2017-18നും 2023-24നും ഇടയിൽ പണപ്പെരുപ്പം കണക്കിലെടുത്തുള്ള സ്ഥിരം ശമ്പളക്കാരായ പുരുഷന്മാരുടെ വരുമാനത്തിൽ 6.4 ശതമാനവും സ്ത്രീകളുടെ വരുമാനത്തിൽ 12.5 ശതമാനവും കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കോർപ്പറേറ്റ് കമ്പനികളുടെ ലാഭം കുത്തനെ ഉയർന്നു. 2020 സാമ്പത്തിക വർഷത്തിനും 2026 സാമ്പത്തിക വർഷത്തിനുമിടയിൽ നിഫ്റ്റി 500 കമ്പനികളുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 28.7 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തികേതര കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭം 2021 സാമ്പത്തിക വർഷത്തിലെ 2.5 ലക്ഷം കോടി രൂപയിൽനിന്ന് 2025ൽ 7.1 ലക്ഷം കോടി രൂപയായി ഉയർന്നതായും കത്തിൽ പറയുന്നു.
രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണെന്നും സമൂഹത്തിലെ സാമ്പത്തിക അസമത്വം വർധിച്ചുവരികയാണെന്നും എം.എ. ബേബി ആരോപിച്ചു. കോടീശ്വരന്മാരോട് കൂടുതൽ ദേശസ്നേഹം കാണിക്കാൻ ആവശ്യപ്പെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇതെന്നും തൊഴിലാളികളുടെ വിലപേശൽ ശേഷി ദുർബലപ്പെടുത്തുകയും മൂലധനശക്തികളെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാമ്പത്തിക നയങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചുകൊണ്ടാണ് നാല് തൊഴിൽ കോഡുകൾ കൊണ്ടുവന്നത്. വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോഡ് എന്നിവയാണ് ഇവ. 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾക്കുമേലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ കടന്നുകയറ്റങ്ങളിലൊന്നാണെന്ന് എം.എ. ബേബി ആരോപിച്ചു. തൊഴിലാളികളെ എളുപ്പത്തിൽ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥകളെന്നും അദ്ദേഹം വിമർശിച്ചു.
2026 മാർച്ചിൽ രാജ്യത്തെ യുവജന തൊഴിലില്ലായ്മ നിരക്ക് 15.2 ശതമാനമായിരുന്നുവെന്നും ജൂലൈ-സെപ്റ്റംബർ പാദത്തിൽ നഗരങ്ങളിലെ യുവാക്കൾക്കിടയിൽ ഇത് 18.9 ശതമാനമായി ഉയർന്നുവെന്നും കത്തിൽ പറയുന്നു. രാജ്യത്തെ 63.4 കോടി തൊഴിലാളികളിൽ 87 ശതമാനത്തോളം പേരും അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതച്ചെലവിന് ആനുപാതികമായ നിയമപരമായ ദേശീയ മിനിമം വേതനം ഉറപ്പാക്കണമെന്നും എം.എ. ബേബി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പാർലമെന്റിലേക്ക് മാർച്ച് നടത്തുന്ന തൊഴിലാളി പ്രതിനിധികളെ നേരിൽ കാണാനും അവരുടെ പരാതികൾ കേട്ട് ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാനും മോദി തയ്യാറാകണമെന്നും കത്തിൽ അദ്ദേഹം അഭ്യർഥിച്ചു.
