വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇനി സന്ദേശങ്ങൾ ഉടൻ അയക്കുന്നതിന് പകരം ഇഷ്ടമുള്ള തീയതിയിലും സമയത്തും തനിയെ അയക്കുന്നതിനായി മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം. ജന്മദിനാശംസകൾ, പ്രധാനപ്പെട്ട ഓർമപ്പെടുത്തലുകൾ, ജോലി സംബന്ധമായ സന്ദേശങ്ങൾ എന്നിവ കൃത്യസമയത്ത് അയക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
10 മിനിറ്റ് മുതൽ 14 ദിവസം വരെ മുൻകൂട്ടി സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. വാട്സ്ആപ്പിൽ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നാണിതെന്ന് കമ്പനി വിശേഷിപ്പിക്കുന്നു.
വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പുറമെ ഫോട്ടോകളും വീഡിയോകളും ഷെഡ്യൂൾ ചെയ്യാനും സാധിക്കും. ആഗോളതലത്തിൽ ഘട്ടംഘട്ടമായാണ് ഫീച്ചർ ലഭ്യമാക്കുന്നത്. അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ഈ സൗകര്യം ലഭിക്കണമെന്നില്ല.
എങ്ങനെ മെസേജുകൾ ഷെഡ്യൂൾ ചെയ്യാം?
സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനായി പ്രത്യേക ആപ്പുകളോ സങ്കീർണമായ ക്രമീകരണങ്ങളോ ആവശ്യമില്ല. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടർന്നാൽ മതി.
- സന്ദേശം അയക്കേണ്ട വ്യക്തിയുടെ ചാറ്റോ ഗ്രൂപ്പോ തുറക്കുക.
- അയക്കാനുള്ള സന്ദേശം ടൈപ്പ് ചെയ്യുക.
- സെൻഡ് ബട്ടൺ അമർത്തിപ്പിടിക്കുക.
- സന്ദേശം അയക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കുക.
- തിരഞ്ഞെടുത്ത തീയതിയും സമയവും സ്ഥിരീകരിക്കുക.
ഇതോടെ സന്ദേശം ഷെഡ്യൂൾ ചെയ്യപ്പെടും. നിശ്ചയിച്ച സമയമാകുമ്പോൾ അത് തനിയെ അയക്കപ്പെടും. സ്വീകർത്താവിന് സാധാരണ സന്ദേശം ലഭിക്കുന്നതുപോലെ തന്നെയായിരിക്കും ഷെഡ്യൂൾ ചെയ്ത സന്ദേശവും കാണാനാകുക. സന്ദേശം മുൻകൂട്ടി തയ്യാറാക്കിയതാണെന്ന പ്രത്യേക അറിയിപ്പും ലഭിക്കില്ല.
ഷെഡ്യൂൾ ചെയ്ത എല്ലാ സന്ദേശങ്ങളും ഒരിടത്ത് കാണാനുള്ള സംവിധാനവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്. അയക്കുന്നതിന് മുമ്പ് തീരുമാനം മാറ്റുകയാണെങ്കിൽ ഷെഡ്യൂൾ ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്യാനും സാധിക്കും. ഇത്തരത്തിൽ നീക്കം ചെയ്യുന്ന സന്ദേശങ്ങൾ സ്വീകർത്താവിന് ലഭിക്കില്ല.
