ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ നിബന്ധന; യാത്രക്കാരുടെ സ്വന്തം ഫോൺ നമ്പറും ഇ-മെയിലും നിർബന്ധമാക്കി ഒമാൻ എയർ

ടിക്കറ്റ് ബുക്കിങ് നിബന്ധനകളിൽ നിർണായക മാറ്റവുമായി ഒമാൻ എയർ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന്റെ സ്വന്തം ഇ-മെയിൽ വിലാസവും രാജ്യാന്തര കൺട്രി കോഡ് ഉൾപ്പെടുന്ന മൊബൈൽ നമ്പറും നിർബന്ധമായി നൽകണം. ട്രാവൽ ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ വിവരങ്ങൾ യാത്രക്കാരന്റെ കോൺടാക്ട് വിവരങ്ങൾക്ക് പകരം നൽകാൻ അനുവദിക്കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.

ഓഗസ്റ്റ് 18 മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നു. യാത്രക്കാരന്റെതോ യാത്രക്കാരൻ ചുമതലപ്പെടുത്തിയ വ്യക്തിയുടേതോ ആയ കൃത്യമായ വിവരങ്ങളാണ് ബുക്കിങ്ങിൽ നൽകേണ്ടത്. പ്രത്യേകിച്ച് ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്ന പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കമ്പനി നിർദേശിച്ചു.

വിമാന സർവീസ് വൈകുക, സമയം മാറുക, സർവീസ് റദ്ദാക്കുക തുടങ്ങിയ അടിയന്തര വിവരങ്ങൾ എസ്‌എംഎസ്, വാട്‌സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴി യാത്രക്കാരെ നേരിട്ട് അറിയിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഇടനിലക്കാർ വഴി അറിയിപ്പുകൾ കൈമാറുമ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

തെറ്റായ ഇ-മെയിൽ വിലാസമോ രാജ്യാന്തര കൺട്രി കോഡ് ഇല്ലാത്ത ഫോൺ നമ്പറോ നൽകിയാൽ പ്രധാന അറിയിപ്പുകൾ ലഭിക്കാതെ പോകാൻ സാധ്യതയുള്ളതിനാൽ ബുക്കിങ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും ഒമാൻ എയർ യാത്രക്കാരോട് നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക