ഇന്ന് ഡിസിസി അംഗം, നാളെ പ്രസിഡന്റും തടയും; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ എ.കെ. ബാലൻ

തിരുവനന്തപുരം ഡിസിസി അംഗം മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എ.കെ. ബാലൻ. ഇന്ന് ഒരു ഡിസിസി അംഗമാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെങ്കിൽ നാളെ ഡിസിസി പ്രസിഡന്റും അതിന് മുതിരാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സംഭവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കോൺഗ്രസിനുള്ളിൽ ഉയരുന്ന അസ്വസ്ഥതയുടെ പ്രകടനമായാണ് ഈ സംഭവത്തെ കാണേണ്ടതെന്ന് എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ഇത് സതീശനും മനസിലാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ഭരണകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും ചേർന്ന് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തുവെന്നും, അതേ സംഘമാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കയറി പ്രതിഷേധത്തിന്റെ പേരിൽ തടഞ്ഞതെന്നും ബാലൻ ആരോപിച്ചു. ആ സംഭവത്തിൽ ഇപ്പോഴെങ്കിലും പിണറായി വിജയനോട് വി.ഡി. സതീശൻ മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച എൽഡിഎഫ് മുന്നണിയിലെ വിവാദത്തെയും എ.കെ. ബാലൻ പരാമർശിച്ചു. സിപിഐയും സിപിഎമ്മും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളാണെന്നും, ഓരോ പാർട്ടിക്കും തങ്ങളുടെ നിലപാട് തുറന്നുപറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം സിപിഎമ്മിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം ആ പാർട്ടിയുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറും സിപിഐയും സിപിഎമ്മുമാണെന്നും മുൻകാല രാഷ്ട്രീയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങൾ ഉണ്ടായതെന്നും ബാലൻ കൂട്ടിച്ചേർത്തു.

സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തെയും എ.കെ. ബാലൻ വിമർശിച്ചു. സ്ത്രീകളെ അപമാനിക്കുന്നതോ അവകാശങ്ങൾ നിഷേധിക്കുന്നതോ ആയ നിലപാടുകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, അത്തരം പരാമർശങ്ങൾ ദൈവം തന്നെ വന്ന് പറഞ്ഞാലും അംഗീകരിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക