പ്രായപൂർത്തിയായവരുടെ സമ്മതവിവാഹം കുറ്റമല്ല; പൊലീസ് അന്വേഷണം മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹിതരായാൽ അവരുടെ ദാമ്പത്യജീവിതത്തിൽ പൊലീസ് ഇടപെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള വിവാഹങ്ങളിൽ അന്വേഷണം നടത്തേണ്ട ബാധ്യത പൊലീസിനില്ലെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനുമാണ് പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ജെ.ജെ. മുനീറും ജസ്റ്റിസ് തരുണ്‍ സക്‌സേനയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹങ്ങളിൽ പൊലീസ് അനാവശ്യമായി ഇടപെടരുതെന്ന് മുമ്പും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇത് കുറ്റകൃത്യമല്ലാത്തതിനാൽ അന്വേഷണത്തിന് യാതൊരു നിയമസാധുതയുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

26 വയസ്സുള്ള യുവതിയെ വിവാഹത്തിന് നിർബന്ധിച്ച് തട്ടിക്കൊണ്ടുപോയെന്ന പരാതിയെ തുടർന്ന് 28 വയസ്സുള്ള യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 87 പ്രകാരം ഏപ്രിലിൽ കേസെടുത്തിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായിരുന്നുവെന്നും, വിവാഹത്തെ കുടുംബം എതിർത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു.

വിവാഹത്തെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ഇരുവരെയും മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ദമ്പതികൾ ഹർജിയിൽ ആരോപിച്ചു. ഇതേ തുടർന്ന് എഫ്.ഐ.ആറിലെ അന്വേഷണം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കൂടാതെ ദമ്പതികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും കോടതി നിർദേശിച്ചിരുന്നു.

പ്രായപൂർത്തിയായ, വിദ്യാഭ്യാസമുള്ള രണ്ട് വ്യക്തികൾ സ്വമേധയാ വിവാഹിതരായ സാഹചര്യത്തിൽ പ്രലോഭനമോ തെറ്റിദ്ധരിപ്പിക്കലോ ഉണ്ടായെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ കേസിലെ ക്രിമിനൽ നടപടികൾ തുടരാനാവില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കുകയാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.

മറുപടി രേഖപ്പെടുത്തുക