‘സഹായമല്ല, നഷ്ടപരിഹാരം വേണം’; ഇന്ത്യ, ചൈന, അമേരിക്കക്കെതിരെ നേപ്പാളിന്റെ നിർണായക നീക്കം

വിനാശകരമായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടങ്ങൾ നേരിട്ടതിന് പിന്നാലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, അമേരിക്ക എന്നിവരിൽ നിന്ന് ‘കാലാവസ്ഥാ വ്യതിയാന നഷ്ടപരിഹാരം’ ആവശ്യപ്പെടുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.

ഭോട്ടെകോഷി നദിയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 1,100-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഹിമാനികൾ ഉരുകിയതാണ് ദുരന്തത്തിന്റെ പ്രധാന കാരണമെന്നാണ് ശിശിർ ഖനാൽ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന് നേപ്പാൾ ഉത്തരവാദിയല്ലെങ്കിലും, വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് നേപ്പാൾ പോലുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേപ്പാൾ ആവശ്യപ്പെടുന്നത് സഹായമോ ദാനമോ അല്ലെന്നും, ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകേണ്ട നിയമപരവും ധാർമ്മികവുമായ ബാധ്യതയാണെന്നും ശിശിർ ഖനാൽ വ്യക്തമാക്കി.

ഇതോടെ ‘സഹായം തേടുക’ എന്ന സമീപനത്തിൽ നിന്ന് ‘കാലാവസ്ഥാ നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെടുക’ എന്ന നയതന്ത്ര സമീപനത്തിലേക്ക് മാറുകയാണെന്നും നേപ്പാൾ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഐക്യരാഷ്ട്രസഭയുടെ ആഗോള നഷ്ട-നാശ ഫണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്താനും വരാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ ഉന്നയിക്കാനും നേപ്പാൾ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.

വെള്ളപ്പൊക്കത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിനും ദുരന്താനന്തര പുനരധിവാസത്തിനുമായി ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ വരെ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക