കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഹൈക്കമാൻഡ് ചർച്ചകളിൽ കെസി വേണുഗോപാലിന് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ പുതിയ രാഷ്ട്രീയ വിവാദം. ശബരിമല സ്വർണക്കവർച്ച വിഷയവുമായി ബന്ധപ്പെട്ട കോൺഗ്രസ് പുറത്തുവിട്ട പഴയ പാരഡി ഗാനത്തിന്റെ പുതിയ രൂപം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
“കെസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ..” എന്ന വരികളോടെ ആരംഭിക്കുന്ന പാരഡി ഗാനം ഇപ്പോൾ കോൺഗ്രസിനുള്ളിൽ തന്നെ ചർച്ചയായിരിക്കുകയാണ്. ഗാനത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള വരികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കെ.സി. വേണുഗോപാൽ,വിഡി സതീശൻ, ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പേരുകൾ ചർച്ചയാകുന്നതിനിടയിലാണ് ഈ പാരഡി ഗാനം വീണ്ടും പ്രചരിക്കുന്നത്.
മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട പഴയ “പോറ്റിയേ കേറ്റിയേ” പാരഡി കോൺഗ്രസ് പ്രവർത്തകർ തന്നെ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ പുതുക്കിയ രൂപം പാർട്ടിക്കുള്ളിൽ തിരിച്ചടിയാകുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും പ്രവർത്തക ഗ്രൂപ്പുകളിലും ഈ ഗാനം വേഗത്തിൽ പ്രചരിക്കുന്നതോടെ കോൺഗ്രസിലെ ആഭ്യന്തര നേതൃമത്സരം കൂടുതൽ ശ്രദ്ധ നേടുകയാണ്.
