പലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്; ഉപരോധ പട്ടികയിൽ ഇടതുപക്ഷ സംഘടനകളും

ബ്രിട്ടീഷ് ഇടതുപക്ഷ സംഘടനയായ പലസ്തീൻ ആക്ഷനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റാണ് സംഘടനയെ പ്രത്യേകമായി നിയുക്ത ആഗോള ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഒരു ബ്രിട്ടീഷ് ഇടതുപക്ഷ സംഘടനയ്‌ക്കെതിരെ യുഎസ് ഭീകരവിരുദ്ധ ഉപരോധം ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്. ഇതോടൊപ്പം മറ്റ് രണ്ട് ഇടതുപക്ഷ ഗ്രൂപ്പുകളെയും യുഎസ് ട്രഷറി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഉപരോധത്തിന്റെ ഭാഗമായി അമേരിക്കയിലുള്ള പലസ്തീൻ ആക്ഷന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിച്ചേക്കും. സംഘടനയിലെ അംഗങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്താൻ സാധിക്കും.

2020ൽ യുകെയിൽ രൂപീകരിച്ച പലസ്തീൻ ആക്ഷന്റെ പ്രഖ്യാപിത ലക്ഷ്യം ഇസ്രായേലിന്റെ ആയുധ വ്യവസായവുമായുള്ള ആഗോള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലി ആയുധ നിർമാതാക്കളായ എൽബിറ്റ് സിസ്റ്റംസിന്റെ ഉടമസ്ഥതയിലുള്ളതോ അതുമായി ബന്ധപ്പെട്ടതോ ആയ ബ്രിട്ടനിലെ സൈനിക വിമാനങ്ങളും ഫാക്ടറികളും സംഘടനയുടെ പ്രവർത്തകർ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിൽ ബ്രിട്ടീഷ് സർക്കാർ പലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എൽബിറ്റ് സിസ്റ്റംസ് പ്ലാന്റിന് ക്രിമിനൽ നാശനഷ്ടം വരുത്തിയ കേസിൽ സംഘടനയിലെ നാല് അംഗങ്ങൾക്ക് തീവ്രവാദ കുറ്റം ചുമത്തി ശിക്ഷയും ലഭിച്ചിട്ടുണ്ട്.

സംഘടനയുമായി ബന്ധപ്പെട്ട് 3,500ലധികം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പലസ്തീൻ ആക്ഷനെ പിന്തുണച്ചതിന്റെ പേരിൽ 480 പേർക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക