ഇന്ത്യൻ സിനിമയിലെ തന്റേതായ അഭിനയശൈലികൊണ്ട് തലമുറകളെ സ്വാധീനിച്ച നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 5.20ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഏകദേശം 45 മിനിറ്റോളം ഡോക്ടർമാർ സി.പി.ആർ നൽകിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഹിന്ദി, മറാത്തി സിനിമകളിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ നാനാ പടേക്കർ സ്വന്തമാക്കിയ സ്ഥാനം വേറിട്ടതായിരുന്നു. കഥാപാത്രത്തിന്റെ തീവ്രതയും സംഭാഷണങ്ങളിലെ കരുത്തും ശബ്ദത്തിലെ വ്യത്യസ്തതയും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മുഖമുദ്രകളായി. നായകസങ്കൽപ്പങ്ങളുടെ പതിവ് ചട്ടക്കൂടുകൾക്കപ്പുറം കഥാപാത്രങ്ങളുടെ ആഴവും സങ്കീർണതയും അവതരിപ്പിച്ചാണ് അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.
മഹാരാഷ്ട്രയിൽ വിശ്വനാഥ് പടേക്കറായി ജനിച്ച നാനാ പടേക്കർ മറാത്തി നാടകവേദിയിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. 1978ൽ ‘ഗാമൻ’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ‘അങ്കുഷ്’, ‘പരിന്ദ’, ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’, ‘തിരംഗ’, ‘ക്രാന്തിവീർ’, ‘അഗ്നിസാക്ഷി’, ‘ഖാമോഷി: ദി മ്യൂസിക്കൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
‘സലാം ബോംബെ’, ‘അബ് തക് ഛപ്പൻ’, ‘അപഹരൺ’, ‘രാജ്നീതി’, ‘ദീവാംഗീ’, ‘ഭൂത്’ തുടങ്ങിയ സിനിമകളിലും അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടി. ഗൗരവമേറിയ കഥാപാത്രങ്ങൾക്കൊപ്പം ‘വെൽക്കം’ എന്ന ചിത്രത്തിലെ ഉദയ് ഷെട്ടി എന്ന കഥാപാത്രത്തിലൂടെ ഹാസ്യവേഷങ്ങളിലും തന്റേതായ കൈയൊപ്പ് പതിപ്പിച്ചു. ‘നട്സമ്രാട്ട്’ ഉൾപ്പെടെയുള്ള മറാത്തി ചിത്രങ്ങളും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയ അധ്യായങ്ങളായി.
