ഒടിടിയിലും തരംഗമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹോട്ട്സ്റ്റാർ ട്രെൻഡിംഗിൽ ഒന്നാമത്

നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച നേട്ടം തുടരുന്നു. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഒക്ടോബർ ആദ്യവാരം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട മലയാള ചിത്രങ്ങളിലൊന്നായി മാറിയെന്നാണ് റിപ്പോർട്ടുകൾ.

ഹോട്ട്സ്റ്റാറിന്റെ ഇന്ത്യയിലെ ട്രെൻഡിംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ചിത്രം ദശലക്ഷക്കണക്കിന് വ്യൂസോടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ മുന്നേറുകയാണ്. ഫീൽ ഗുഡ് റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ചിത്രത്തെ തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്തിരുന്നു. ഒടിടി റിലീസിനുശേഷം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്കിടയിലും ചിത്രം ശ്രദ്ധ നേടുന്നുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്‌ലിയായി മമിത ബൈജുവും എത്തുന്നു. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

അജ്മൽ സാബുവാണ് ഛായാഗ്രഹണം നിർവഹിച്ചത്. വിഷ്ണു വിജയ് സംഗീതവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും കൈകാര്യം ചെയ്തു. ഗാനരചന വിനായക് ശശികുമാറിന്റേതാണ്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

മറുപടി രേഖപ്പെടുത്തുക