സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരെ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ അദ്ദേഹം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും രേഖകൾ പരിശോധിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഷോൺ ജോർജ് മുന്നറിയിപ്പ് നൽകി. അഴിമതി ആരോപണങ്ങളിൽ സിപിഎം ഉയർത്തുന്ന ന്യായീകരണങ്ങൾ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും പേരുകൾ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ശുപാർശയിൽ നടപടി വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന്റെ ഉത്തരവ്.
