ഒരു കൂട്ടർ വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറു കൂട്ടർ അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു: മാധവ് സുരേഷ്

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും സംബന്ധിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് പ്രതികരിച്ചു. വിദ്യാർത്ഥികൾക്കെതിരായ ബലപ്രയോഗത്തെയും രാഷ്ട്രീയ ലാഭത്തിനായി വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ഉപയോഗിക്കുന്ന സമീപനത്തെയും ഒരുപോലെ വിമർശിച്ച അദ്ദേഹം, ഭീഷണിയിലൂടെയോ നിർബന്ധത്തിലൂടെയോ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്നും പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ഒരു വിമർശന സന്ദേശത്തിന് നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മാധവ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്നും, ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒടുവിൽ നഷ്ടം സംഭവിക്കുന്നത് സാധാരണ ജനങ്ങൾക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളെ സംരക്ഷിക്കേണ്ട സംവിധാനങ്ങൾ രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നേരെ അമിത ബലപ്രയോഗം നടത്തുന്നതായി മാധവ് ആരോപിച്ചു. അതേസമയം, ഭരണകൂടത്തിന് ശക്തമായ രാഷ്ട്രീയ വെല്ലുവിളി ഉയർത്തേണ്ട പ്രതിപക്ഷം സ്വന്തം രാഷ്ട്രീയ അജണ്ടകൾ മുന്നോട്ടുകൊണ്ടുപോകാൻ ആളുകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരുമാണ് ഇത്തരം രാഷ്ട്രീയ സംഘർഷങ്ങളുടെ യഥാർത്ഥ ഇരകളാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പ്രതിസന്ധികൾക്ക് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് പ്രയാസകരമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ ധ്രുവീകരണത്തെയും മാധവ് വിമർശിച്ചു. ഒരു വിഷയത്തിൽ പ്രതികരിച്ചാൽ ഒരു വിഭാഗം “സുടാപ്പി” എന്നും പ്രതികരിക്കാതിരുന്നാൽ മറ്റൊരു വിഭാഗം “സംഘി” എന്നും മുദ്രകുത്തുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പ്രതിഷേധത്തെ നിർബന്ധിച്ച് പിന്തുണപ്പിക്കാനുള്ള ശ്രമം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മിണ്ടാതിരിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീഷണിയിലൂടെയോ സമ്മർദത്തിലൂടെയോ അഭിപ്രായ ഐക്യം സൃഷ്ടിക്കുന്നത് ഫാഷിസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്നും മാധവ് കൂട്ടിച്ചേർത്തു.

തനിക്കെതിരെ വന്ന ഒരു സന്ദേശത്തിൽ, ചിലർ ബിജെപിയോടുള്ള വെറുപ്പ് ഇന്ത്യയോടുള്ള സ്നേഹത്തേക്കാൾ വലുതാണെന്ന് വ്യക്തമാക്കിയതായി മാധവ് പറഞ്ഞു. അത്തരമൊരു സമീപനം രാജ്യത്തിന് ഗുണകരമല്ലെന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ രാജ്യസ്നേഹത്തെ മറികടക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും മാധവ് വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യങ്ങൾക്കുമപ്പുറം രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ രൂപംകൊള്ളുന്നതുവരെ താൻ അരാഷ്ട്രീയവാദിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക