‘നല്ലത് ചെയ്താൽ ആരായാലും പ്രശംസിക്കും’; ‘സംഘി’ വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. മാധവൻ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ‘സംഘി’ (ആർഎസ്എസ് അനുകൂലി) എന്ന വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നടൻ ആർ. മാധവൻ. രാഷ്ട്രീയപരമായ ലേബലുകൾ തന്നെ ബാധിക്കാറില്ലെന്നും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നത് ഒരു പൗരനെന്ന നിലയിൽ തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് മാധവന്റെ പ്രതികരണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും ജനങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ അത് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയോ അനുകൂലമായോ നിലകൊള്ളുന്നില്ല. നല്ല കാര്യങ്ങളെ മാത്രമാണ് പിന്തുണയ്ക്കുന്നത്. സോഷ്യൽ മീഡിയയിലെ ട്രോളുകളോ വിമർശനങ്ങളോ എന്റെ ചിന്തകളെ മാറ്റില്ല,” മാധവൻ പറഞ്ഞു.

അതേസമയം, തന്റെ പുതിയ ചിത്രമായ ധുരന്ധർ ഒരു പ്രചാരണ സിനിമയാണെന്ന വിമർശനവും അദ്ദേഹം തള്ളി. ഇന്ത്യയുടെ ദേശീയ സുരക്ഷയും പാകിസ്ഥാനുമായുള്ള ബന്ധങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയ ഒരു നാടകീയ കഥയാണ് ചിത്രമെന്നും, അതിനെ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ നേട്ടങ്ങളും പ്രാധാന്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സിനിമകളെ തെറ്റായ രീതിയിൽ വിലയിരുത്തരുതെന്നും മാധവൻ അഭിപ്രായപ്പെട്ടു. വിമർശനത്തിനുവേണ്ടി വസ്തുതകൾ വളച്ചൊടിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ വിമർശനങ്ങൾക്കും സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കുമിടയിലാണ് ആർ. മാധവന്റെ പ്രതികരണം ശ്രദ്ധേയമായിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക