വസ്ത്രത്തിന് താഴെ സദാചാര ക്ലാസ്, ചിത്രദുരുപയോഗത്തിന് താഴെ മൗനം; ഇരട്ടത്താപ്പിനെതിരെ ഐശ്വര്യ

മോശം എഐ ചിത്രങ്ങളും മോർഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ തുറന്നടിച്ച് നടി ഐശ്വര്യ ലക്ഷ്മി. പൊതുസ്ഥലങ്ങളിൽ എത്തുന്ന നടിമാരുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പ്രവണതയെയും താരം വിമർശിച്ചു. വനിത മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

അറിയാത്ത ആളുകളിൽനിന്ന് ലഭിക്കുന്ന സ്നേഹം വലിയ അനുഗ്രഹമാണെന്ന് ഐശ്വര്യ പറഞ്ഞു. താൻ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ടെന്നതിന്റെ അംഗീകാരമായാണ് അതിനെ കാണുന്നത്. തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടാതെ പോയ ‘അർച്ചന 31’, ‘ഹലോ മമ്മി’ തുടങ്ങിയ ചിത്രങ്ങളാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ചിലർ പറയുമ്പോൾ കൂടുതൽ സന്തോഷം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന എല്ലാവരെയും യഥാർഥ ആരാധകരായി കാണാനാകില്ലെന്നും ഐശ്വര്യ പറഞ്ഞു. മോശം എഐ ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും നിർമിച്ച് പ്രചരിപ്പിക്കുന്നത് സ്നേഹമില്ലാത്തവരുടെ പ്രവൃത്തിയാണ്. പൊതുസ്ഥലങ്ങളിൽ നടിമാരുടെ ശരീരഭാഗങ്ങൾ ലക്ഷ്യമിട്ട് ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാൻ പലരും തയ്യാറാകുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി.

അതേസമയം, നടിമാർ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോൾ അതിന്റെ പേരിൽ സംസ്കാരം പഠിപ്പിക്കാനെത്തുന്നവരും നിരവധിയാണ്. ഇത്തരം ഇരട്ടത്താപ്പിനെതിരെയാണ് ഐശ്വര്യ വിമർശനം ഉന്നയിച്ചത്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലൂടെ അഭിനയരംഗത്തെത്തിയ ഐശ്വര്യ ലക്ഷ്മി ‘മായാനദി’യിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ താരം മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഗാട്ടാ ഗുസ്തി 2’വിലെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

മറുപടി രേഖപ്പെടുത്തുക