ചേരാനെല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

ചേരാനെല്ലൂർ വാഹനാപകടക്കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതേസമയം, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി അന്വേഷണ നടപടികളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരായ അപ്പീൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചതിനെ കോടതി വിമർശിച്ചു. സമാനമായ കേസുകളിൽ മനപ്പൂർവമല്ലാത്ത നരഹത്യ, മരണത്തിന് കാരണമാകാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. ഇത്തരം എഫ്‌ഐആറുകൾ ഉണ്ടെങ്കിൽ ഒരു മണിക്കൂറിനകം ഹാജരാക്കണമെന്നും നിർദേശിച്ചു.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി, ജഡ്ജി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറിയതായും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു. പതിനേഴുകാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കിയതിന് പിന്നാലെ പിതാവായ ജഡ്ജി സ്ഥലത്തെത്തി ഏറെനേരം ചെലവഴിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്ന് തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഭാരതീയ ന്യായ സംഹിതയിലെ 238-ാം വകുപ്പും അന്വേഷണസംഘം ഉൾപ്പെടുത്തിയിട്ടുണ്ട്.

പതിനേഴുകാരന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സൈബർ പൊലീസ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ സമീപിച്ചു. വിവരങ്ങൾ ലഭിച്ചശേഷം നോട്ടീസ് അയക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക