സി.ജെ.പി നേതാക്കൾക്ക് വിദേശ ഫണ്ടിങ്; രാജ്യവിരുദ്ധ പ്രവർത്തനമെന്ന് കേന്ദ്രത്തിന്റെ ആരോപണം

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ വിദേശ ഏജൻസികളിൽനിന്നും ശത്രുരാജ്യങ്ങളിൽനിന്നും അനധികൃതമായി പണം സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ ആരോപണം. ഇന്ത്യയിൽ അശാന്തിയും അരാജകത്വവും സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആരോപിച്ചു.

സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അമേരിക്കൻ ദാതാക്കളിൽനിന്നും പാർട്ടി സ്ട്രാറ്റജിസ്റ്റ് അശുതോഷ് റാങ്ക പാകിസ്ഥാനിലെ രാഷ്ട്രീയക്കാരിൽനിന്നും പണം സ്വീകരിച്ചതിന് കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നാണ് ജിതേന്ദ്ര സിങ്ങിന്റെ അവകാശവാദം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധ ശക്തികളാണ് ഇത്തരം പ്രസ്ഥാനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്തിടെ ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധങ്ങൾ അരാജകത്വം സൃഷ്ടിക്കാനായിരുന്നുവെന്ന് ബി.ജെ.പി വക്താവ് തുഹിൻ എ. സിൻഹയും ആരോപിച്ചു. ഔദ്യോഗിക വിലക്കുകൾ ലംഘിച്ച് ജന്തർ മന്തറിൽ പ്രവേശിച്ചതിനും സമാധാനാന്തരീക്ഷം തകർത്തതിനും സി.ജെ.പി വക്താക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. ഒക്ടോബർ 10ന് സമാധാന ബോണ്ടിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഇരുവരും, ഒക്ടോബർ 13ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുരക്ഷാ ബാരിക്കേഡുകൾ മറികടന്നെന്നാണ് തുഹിൻ എ. സിൻഹയുടെ ആരോപണം.

അതേസമയം, വിദേശ ഫണ്ടിങ് ആരോപണങ്ങൾ പ്രതിപക്ഷം തള്ളി. ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. തെളിവില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക