പ്രേക്ഷകർക്ക് തിരുത്താൻ അവകാശമുണ്ട്; ആസിഫ് അലി വിവാദത്തിൽ മീരാ അനിൽ

സ്വകാര്യ പരിപാടിക്കിടെ അവതാരക മീരാ അനിലിനെ നടൻ ആസിഫ് അലി തിരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്കിടെ സമ്മാനാര്ഹനായി വേദിയിലേക്ക് വിളിച്ചുവരുത്തിയ ഒരു യുവാവിനോട് മീരാ അനിൽ മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഫ് അലി ഇടപെട്ടത്. സംഭവത്തിന് പിന്നാലെ മീരയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

ഇതിനോടാണ് ഇപ്പോൾ മീരാ അനിൽ പ്രതികരിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് തന്നെ തിരുത്താനുള്ള അവകാശമുണ്ടെന്നാണ് ഒരു പരിപാടിക്കിടെ മീര പറഞ്ഞത്. എല്ലാവർക്കും അവരുടെ യുക്തിക്കനുസരിച്ച് പെരുമാറാനുള്ള സ്വാതന്ത്ര്യം നൽകാറുണ്ടെന്നും താൻ ചെയ്യുന്നതിൽ എന്തെങ്കിലും ഇഷ്ടപ്പെടാത്തതുണ്ടെങ്കിൽ അത് തുറന്നുപറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മീര വ്യക്തമാക്കി.

കഴിഞ്ഞ 18 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇത്രയും കാലം തന്നെ നിലനിർത്തിയത് പ്രേക്ഷകരാണെന്നും മീര പറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടിയാണ് ഓരോ തവണയും താൻ വേദിയിലെത്തുന്നതെന്നും അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും മീര പ്രതികരിച്ചു.

അതേസമയം, പരിപാടിക്കിടെ യുവാവിന്റെ സ്വകാര്യതയെ മാനിച്ച് ആസിഫ് അലി ഇടപെട്ടതിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ആസിഫ് അലിയുടെ ഇടപെടലിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.

മറുപടി രേഖപ്പെടുത്തുക