പൈലറ്റ് വാഹനം വിട്ടുനൽകി; അപകടത്തിൽപ്പെട്ട യുവാവിന് സഹായമൊരുക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലായിരുന്നു അപകടം. രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ആൽഫി റോഡിൽ മുഖമടിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ പോലീസിന് നിർദേശം നൽകി. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കയറ്റി.

സുരക്ഷാ ഉദ്യോഗസ്ഥരോട് മറ്റൊരു പൈലറ്റ് വാഹനത്തിന്റെ ആവശ്യമില്ലെന്നും താൻ ഒറ്റയ്ക്ക് പോകാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് പരിക്കേറ്റ യുവാവിനെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

അപകടസ്ഥലത്ത് കുറച്ചുസമയം ചെലവഴിച്ച മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.

മറുപടി രേഖപ്പെടുത്തുക