കേരള സർവകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന തരത്തിൽ ഉയർന്ന വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ സർവകലാശാലയോ സർക്കാരോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥി പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ അന്തിമ തീരുമാനമല്ലെന്നും കോടതി നിർദേശപ്രകാരം രൂപീകരിച്ച സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ ചർച്ചകൾക്കായി നിയമസമിതി തയ്യാറാക്കിയ കരട് രേഖ മാത്രമാണിതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി സംഘടനകളുടെ അഭിപ്രായം തേടിയ ശേഷമുള്ള കൂടുതൽ ചർച്ചകൾക്കും അംഗീകാരത്തിനും ശേഷമേ ഇത് സർവകലാശാലയുടെ ഔദ്യോഗിക മാർഗനിർദേശമായി പരിഗണിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാതെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ ചിലർ പ്രചാരണം നടത്തുന്നുണ്ടെന്ന് ആരോപിച്ച മന്ത്രി, വിഷയത്തിൽ പ്രതികരിക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരിൽ നിന്ന് വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ടായിരുന്നുവെന്നും വിമർശിച്ചു.
അതേസമയം, പുറത്തുവന്നത് സർവകലാശാലയുടെ ഔദ്യോഗിക രേഖയല്ലെന്നും അത്തരമൊരു അന്തിമ രേഖ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ വ്യക്തമാക്കി.
വിഷയത്തിൽ പ്രതികരിച്ച മന്ത്രി ഒ.ജെ. ജനീഷ്, സർവകലാശാലയോ വൈസ് ചാൻസലറോ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാൽ അത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഏതൊരു നീക്കത്തിനും സംസ്ഥാന സർക്കാരോ യൂത്ത് കോൺഗ്രസോ പിന്തുണ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
