കോക്രോച്ച് ജനത പാര്‍ട്ടി; ഒരു തലമുറയുടെ രാഷ്ട്രീയ ബോധമാണ്; ബിനീഷ് കോടിയേരി

‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേരിൽ ഉയർന്നുവരുന്ന കൂട്ടായ്മയെ പിന്തുണച്ച് ബിനീഷ് കോടിയേരി രംഗത്ത്. പേരുകേൾക്കുമ്പോൾ തമാശയെന്നു തോന്നാമെങ്കിലും, അത് അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധ ശബ്ദമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ജോലി ചോദിച്ചാൽ പരിഹാസവും ചോദ്യം ചോദിച്ചാൽ രാജ്യദ്രോഹ മുദ്രയും ചാർത്തപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിലാണ് യുവാക്കളുടെ ഈ രാഷ്ട്രീയ പ്രകടനം ശ്രദ്ധേയമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതവും വെറുപ്പും അടിസ്ഥാനമാക്കിയ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി, തുല്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യാനുള്ള അവകാശവും ആവശ്യപ്പെടുന്ന പുതിയ തലമുറയുടെ രാഷ്‌ടീയ ബോധമാണെന്ന് അദ്ദേഹം പറഞ്ഞു.

“യുവാക്കൾക്ക് രാഷ്ട്രീയം ഇല്ല” എന്ന പഴയ ധാരണയ്ക്ക് ഇന്നത്തെ Gen Z മറുപടി നൽകുകയാണെന്നും, അവരുടെ രാഷ്ട്രീയം വെറുപ്പിന്റേതല്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൊണ്ടോ ശബ്ദം അടക്കിയാലോ ചോദ്യങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“Am also a cockroach” എന്നത് ഒരു വാചകമല്ല, നിശ്ശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണെന്നും ബിനീഷ് കോടിയേരി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക