സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകളാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. നിലവിലെ പ്രതിസന്ധി മൂന്ന് മാസം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും ഇപ്പോൾ പ്രതിസന്ധി മാനേജ് ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പത്തുവർഷമായി സംസ്ഥാനത്ത് പവർകട്ട് ഇല്ലാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.
കെ.പി.സി.സി പ്രസിഡന്റിനെ ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മെസ്സിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കി. സ്വിച്ചിട്ടാൽ ഉടൻ പരിഹരിക്കാവുന്ന ഒന്നല്ല നിലവിലെ വൈദ്യുതി പ്രതിസന്ധിയെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ വീഴ്ചകളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി ബോർഡ് ചെയർമാനുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. പ്രതിസന്ധി സംബന്ധിച്ച വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.
രാത്രികാലങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗവും സോളാർ വൈദ്യുതി സംഭരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതിന് പരിഹാരമായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കുന്നതും എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ച് പുതിയ പ്ലാന്റ് ആരംഭിക്കുന്നതും പരിഗണനയിലാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.
