ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം; തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ 21 ഉദ്യോഗസ്ഥർക്കെതിരെ നടപടി

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വൻ കൂട്ട സ്ഥലംമാറ്റം. സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ കാണാതായ സംഭവത്തെ തുടർന്നാണ് നടപടി. എസ്‌ഐമാർ ഉൾപ്പെടെ സ്റ്റേഷനിലെ 21 ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയത്.

തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. സബിത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സബിത്താണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്നാണ് ആരോപണം. ഇയാളെ കണ്ടെത്തുന്നതിനായി ഡിവൈഎസ്‌പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിൽ നാല് പ്രത്യേക അന്വേഷണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സൈബർ വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് നടപടിക്രമങ്ങളും അന്വേഷണ രീതികളും പരിചിതമായ ഉദ്യോഗസ്ഥനായതിനാൽ സബിത്ത് പിടിയിലാകാതിരിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിച്ചേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ഇയാളുമായി ബന്ധമുള്ളവരെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി നേരത്തെ ബന്ധമുള്ളവരെയും നിരീക്ഷിക്കുന്നുണ്ട്.

സമാന കേസുകളിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കാണാതായ ഏഴ് ചാക്കുകളിലെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറ്റാരുടെയെങ്കിലും സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

സംഭവത്തിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. തൊണ്ടിമുതൽ കാണാതായതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനൊപ്പം കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള തിരച്ചിലും ഊർജിതമാക്കിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക