കർണാടകയിൽ ആർഎസ്എസ് മാർച്ചിൽ പങ്കെടുത്ത സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തെന്നാരോപിച്ച് കർണാടകയിൽ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ സസ്പെൻഡ് ചെയ്തു. യാദ്ഗിർ ജില്ലയിലെ ഹുനസാഗി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അസിസ്റ്റന്റ് അധ്യാപകൻ ഗുരുരാജ് ജോഷിയെയും സുർപൂർ താലൂക്കിലെ കുപ്പി ഗവൺമെന്റ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകൻ അണ്ണാസാഹേബ് ദേശ്മുഖിനെയുമാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

യാദ്ഗിർ സ്കൂൾ വിദ്യാഭ്യാസ ഉപഡയറക്ടർ ചെന്നബസപ്പ മുധോൾ ഓഗസ്റ്റ് 20-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങൾ-2021 ലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് അധ്യാപകർക്കെതിരായ പ്രധാന ആരോപണം. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്നും അധ്യാപകർ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

2025 ഒക്ടോബർ 12-ന് വിജയപുര ജില്ലയിലെ തളിക്കോട്ടയിൽ നടന്ന ആർഎസ്എസ് പഥസഞ്ചലനത്തിൽ ഗുരുരാജ് ജോഷി പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രം ഒരു കന്നഡ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അംബേദ്കർ സ്വാഭിമാനി സേനയുടെ ജില്ലാ പ്രസിഡന്റ് പരാതി നൽകിയിരുന്നു.

തുടർന്ന് 2026 മാർച്ച് 13-ന് ഗുരുരാജ് ജോഷിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പരിപാടി നടന്നത് ഞായറാഴ്ചയായിരുന്നുവെന്നും ഔദ്യോഗിക ജോലി സമയത്തിന് ശേഷമാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ അത് രാഷ്ട്രീയ പരിപാടിയല്ല, സാംസ്കാരിക പരിപാടിയാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഈ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തള്ളുകയായിരുന്നു.

അണ്ണാസാഹേബ് ദേശ്മുഖിനെതിരെയും സമാനമായ ആരോപണമാണ് ഉയർന്നത്. 2025 ഒക്ടോബർ 10-ന് ഹുനസാഗിയിൽ നടന്ന ആർഎസ്എസ് പഥസഞ്ചലനത്തിൽ അദ്ദേഹം പങ്കെടുത്തതായി വകുപ്പ് കണ്ടെത്തി. പരിപാടി ഡ്യൂട്ടി സമയത്തിന് പുറത്തായിരുന്നുവെന്നും സാംസ്കാരിക സ്വഭാവമുള്ളതാണെന്നും ദേശ്മുഖ് വിശദീകരിച്ചെങ്കിലും അധികൃതർ അത് അംഗീകരിച്ചില്ല.

ഇരുവർക്കുമെതിരായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക