പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾ കേരളത്തിലെ ഇടതുമുന്നണി നേതൃത്വം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. വിഷയം സംസ്ഥാന ഘടകങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെ സമവായത്തിലെത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐയുടെയും സി.പി.ഐ.എമ്മിന്റെയും കേന്ദ്ര നേതൃത്വങ്ങൾ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും നിലവിലെ വിവാദം മുന്നണിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു.
സർക്കാരിനെതിരായ പ്രതിപക്ഷ പോരാട്ടങ്ങളെ ഇത്തരം വിഷയങ്ങൾ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളെ തുറന്നുകാട്ടുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ പതിവുപോലെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിക്ക് വീഴ്ച പറ്റിയെന്ന രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും എം.എ. ബേബി പറഞ്ഞു. ഒരു പ്രത്യേക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കവെ കൂടുതൽ ഊന്നൽ നൽകി നടത്തിയ പരാമർശമാണ് അതെന്നും അദ്ദേഹം വിശദീകരിച്ചു.
സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലും സ്വയം വിമർശനപരമായ വിലയിരുത്തലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അത് പാർട്ടിയുടെ പൊതുസമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം വിമർശനവും തിരുത്തലും പാർട്ടി പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
സി.പി.ഐ.എമ്മും സി.പി.ഐയും പൂർണ യോജിപ്പോടെയാണ് മുന്നോട്ടുപോകുന്നതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരായ വരാനിരിക്കുന്ന സമരപരിപാടികളാകും പൊളിറ്റ് ബ്യൂറോ യോഗത്തിലെ പ്രധാന ചർച്ചാവിഷയമെന്നും എം.എ. ബേബി പറഞ്ഞു.
