ഐപിഎൽ ക്രിക്കറ്റിൽ വീണ്ടും ശ്രദ്ധേയ പ്രകടനവുമായി വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിനായി ലഖ്നൗ സൂപ്പർ ജയന്റ്സ്നെതിരായ മത്സരത്തിലാണ് യുവതാരം വെടിക്കെട്ട് ഇന്നിങ്സുമായി മിന്നിത്തിളങ്ങിയത്. അർദ്ധസെഞ്ചുറിക്ക് പിന്നാലെ വിരലുകൾ കൊണ്ട് ‘എ’ എന്ന ചിഹ്നം കാണിച്ച് നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു .
മത്സരശേഷം കമന്റേറ്റർ മുരളി കാർത്തിക് വൈഭവിനോട് ആ ആഘോഷത്തിന്റെ അർത്ഥം ചോദിച്ചു. ആദ്യം തമാശയായി മറുപടി നൽകിയ താരം പിന്നീട് അതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി.
തന്റെ ഇന്നിങ്സ് അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്നാണ് വൈഭവ് പറഞ്ഞത്. അമ്മയുടെ പേര് ‘എ’ എന്ന അക്ഷരത്തിൽ തുടങ്ങുന്നതിനാലാണ് വിരലുകൾ കൊണ്ട് ആ ചിഹ്നം കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വികാരഭരിതമായ വെളിപ്പെടുത്തൽ ആരാധകരുടെ പ്രശംസ നേടി.
മത്സരത്തിൽ തുടക്കത്തിൽ സൂക്ഷ്മമായി കളിച്ചെങ്കിലും പിന്നീട് ഗിയർ മാറ്റിയ വൈഭവ് വെറും 23 പന്തിൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കി. തുടർന്ന് ആക്രമണം ശക്തമാക്കി 38 പന്തിൽ 93 റൺസ് നേടി. മൂന്ന് ഓവറിനുള്ളിൽ സെഞ്ചുറി നേടാൻ കഴിയുമെന്ന തരത്തിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം മുന്നേറി.
രാജസ്ഥാൻ റോയൽസിന്റെ ഈ ജയം ടീമിനെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തി. മുംബൈ ഇന്ത്യൻസിനെതിരായ അവസാന ലീഗ് മത്സരം ജയിച്ചാൽ പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കാനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനകം തന്നെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
