മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും എസ്. ശ്രീശാന്തും തമ്മിലുള്ള വർഷങ്ങളായുള്ള ഭിന്നതകൾക്കിടെ അപ്രതീക്ഷിത പരാമർശവുമായി ഹർഭജൻ സിംഗ്. അവസരം ലഭിച്ചാൽ തന്റെ റൂംമേറ്റായി ശ്രീശാന്തിനെ തന്നെ തിരഞ്ഞെടുക്കുമെന്നാണ് ഹർഭജൻ വ്യക്തമാക്കിയത്.
പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹർഭജന്റെ പ്രതികരണം. “ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിൽ താമസിച്ചാൽ, തമ്മിലുള്ള പല തെറ്റിദ്ധാരണകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഞാൻ അത് അങ്ങനെയാണ് കാണുന്നത്. ശ്രീശാന്ത് എന്റെ റൂംമേറ്റാകുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല,” ഹർഭജൻ പറഞ്ഞു.
2008-ലെ ഐപിഎല്ലിൽ നടന്ന ‘സ്ലാപ്പ്ഗേറ്റ്’ വിവാദത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം ഏറെക്കാലമായി അകന്ന നിലയിലാണ്. അടുത്തിടെ ഒരു പരസ്യവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പഴയ തർക്കങ്ങൾ വീണ്ടും ചർച്ചയായിരുന്നു. ഇതിനിടെയാണ് ഹർഭജനെതിരെ ശ്രീശാന്ത് ബോക്സിംഗ് റിങ്ങിലേക്ക് വെല്ലുവിളിയും ഉയർത്തിയത്.
എന്നാൽ, വിവാദങ്ങൾ കൂടുതൽ വഷളാക്കുന്നതിന് പകരം പരസ്പരം സംസാരിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് ഹർഭജന്റെ നിലപാട്. വർഷങ്ങളായി നീണ്ടുനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് സംഭാഷണമാണ് പരിഹാരമെന്നും അദ്ദേഹം സൂചിപ്പിച്ചു.
