ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ, മൊറോക്കോ ഉൾപ്പെടെ ആറ് അറബ് ദേശീയ ഫുട്ബോൾ ഫെഡറേഷനുകൾ രംഗത്ത്. ഖത്തർ, ലെബനൻ, മൊറോക്കോ, സുഡാൻ, ഈജിപ്ത്, മൗറിറ്റാനിയ എന്നീ രാജ്യങ്ങളുടെ ഫെഡറേഷൻ തലവൻമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് പിന്തുണ അറിയിച്ചത്.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്ന് യൂറോപ്പ്, ഏഷ്യ, കോൺകാകഫ് കോൺഫെഡറേഷനുകളിൽ നിന്ന് വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഇൻഫാന്റിനോയ്ക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരിക്കുന്നത്.
ഫുട്ബോളിന്റെ ആഗോള വളർച്ചയ്ക്കും വിവിധ മേഖലകളിലേക്കുള്ള അവസര വിപുലീകരണത്തിനും ഇൻഫാന്റിനോ നൽകിയ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി ഫെഡറേഷനുകൾ പ്രസ്താവനയിൽ വ്യക്തമാക്കി. ലോക ഫുട്ബോളിന്റെ ശക്തമായ ഭാവിക്കായി അദ്ദേഹവുമായി സഹകരണം തുടരുമെന്നും അവർ അറിയിച്ചു.
മാർച്ചിൽ നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പിന്തുണ പ്രഖ്യാപനം ശ്രദ്ധ നേടുന്നത്.
