ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ആഗസ്റ്റ് 14ന് തുടക്കമാകും. പൊലീസ് സ്റ്റേഷനുകൾക്ക് വൃത്തിയും ആകർഷകവുമായ രൂപമാറ്റവും, പൊതുജനസൗഹൃദപരമായ അന്തരീക്ഷവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരാതിയുമായി എത്തുന്നവർക്ക് കേരള പൊലീസിൻ്റെ വിവിധ സേവനങ്ങൾ ഒരിടത്ത് അനായാസം ലഭ്യമാക്കുക എന്ന വലിയ ചുവടുവയ്പ്പാണ് ‘മൈ പൊലീസ് സ്റ്റേഷനി’ലൂടെ ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെത്തുന്ന ഒരാൾക്ക് ഇനി ആദ്യം തോന്നേണ്ടത് ‘ഇത് തനിക്ക് വേണ്ടിയുള്ള ഇടമാണ്’ എന്ന വിശ്വാസമാണ്. പൊലീസ് സ്റ്റേഷൻ ജനങ്ങളെ ഭയപ്പെടുത്തുന്ന ഇടമല്ല, അവർക്ക് വിശ്വാസത്തോടെ സമീപിക്കാവുന്ന ഇടമാകണം. പരാതിയുമായി എത്തുന്ന ഓരോ പൗരനും മാന്യമായും സൗഹൃദപരമായും സേവനം ലഭിക്കുന്ന സംവിധാനമാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സഹായം പൊലീസ് സ്റ്റേഷനിൽ തന്നെ ലഭ്യമാക്കും. പൊലീസ്-ജന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
പരാതികളുമായി എത്തുന്നവർക്കായി പ്രത്യേക പരാതി ഹെൽപ്പ് ഡെസ്‌ക്, വനിത ഹെൽപ്പ് ഡെസ്‌ക്, കുട്ടികളുടെ ഹെൽപ്പ് ഡെസ്‌ക്, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്‌ക്, ട്രാൻസ്‌ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ്പ് ഡെസ്‌ക്, സൈബർ ക്രൈം ഹെൽപ്പ് ഡെസ്‌ക്, നിയമസഹായ ഹെൽപ്പ് ഡെസ്‌ക്, വിവിധ അപേക്ഷകൾ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമം, എഫ്.ഐ.ആർ പകർപ്പ് തുടങ്ങി വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് മൈ പൊലീസ് സ്‌റ്റേഷനിൽ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്‌ടാവ് എ. ഹേമചന്ദ്രൻ, നിയമ-ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
