39-ാം വയസിൽ വിരമിക്കൽ പിന്‍വലിച്ച് നാനിയുടെ അമ്പരപ്പിക്കുന്ന മടങ്ങിവരവ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ട താരം ലൂയിസ് നാനി ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിക്കുന്നു. 2024 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച നാനി, 39-ാം വയസിൽ ആ തീരുമാനം പിന്‍വലിച്ച് കസാഖിസ്ഥാൻ ക്ലബ് എഫ്‌സി ആക്ടോബെയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. പോർച്ചുഗീസ് സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദീർഘകാല കരിയറിൽ നിന്നുള്ള പ്രചോദനമാണ് ഈ മടങ്ങിവരവിന് പിന്നിലെന്നാണ് വിലയിരുത്തൽ.

നാനിയുടെ കരാർ കളിക്കാരനെന്ന നിലയിൽ മാത്രമല്ലെന്ന് ആക്ടോബെ വ്യക്തമാക്കി. ക്ലബ്ബിന്റെ ‘ഡെവലപ്‌മെന്റ് പ്രോജക്ട്’ ഭാഗമായാണ് അദ്ദേഹം ടീമിലെത്തുന്നത്. പരിശീലന രംഗത്തും യുവതാര വികസനത്തിലും നാനി നിർണായക പങ്ക് വഹിക്കും. അടുത്തിടെ അദ്ദേഹം യു‌എഫ എലിറ്റ് യൂത്ത് ലൈസൻസ് നേടിയിരുന്നു. അണ്ടർ-13 മുതൽ അണ്ടർ-19 വരെ പ്രായമുള്ള താരങ്ങളുടെ പരിശീലനത്തിനും എലിറ്റ് അക്കാദമികളുടെ മാനേജ്മെന്റ് ചുമതലകൾക്കും ഈ ലൈസൻസ് അർഹത നൽകുന്നു.

“എഫ്‌സി ആക്ടോബെയിൽ ചേർന്നതിൽ ഏറെ സന്തോഷമുണ്ട്. ക്ലബ്ബിന്റെയും കസാഖസ്ഥാനിലെ ഫുട്ബോളിന്റെയും വളർച്ചയ്ക്ക് സംഭാവന നൽകുകയാണ് എന്റെ ലക്ഷ്യം,” എന്ന് നാനി സോഷ്യൽ മീഡിയയിൽ കുറിച്ചു. പോർച്ചുഗീസ് ലീഗിലെ എസ്ട്രേല ദ അമദോറയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

2026 കസാഖിസ്ഥാൻ പ്രീമിയർ ലീഗ് മാർച്ചിൽ ആരംഭിക്കുന്നതിനാൽ മത്സര സജ്ജത നേടാൻ നാനിക്ക് ഏകദേശം ഒരു മാസം മാത്രമാണ് സമയം. കഴിഞ്ഞ സീസണിൽ ആക്ടോബെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2007ൽ സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ നാനി, 230 മത്സരങ്ങളിൽ 106 ഗോൾ പങ്കാളിത്തങ്ങളോടെ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. അതേസമയം, മുൻ ചെൽസി താരം വിക്ടർ മോസസും കസാഖിസ്ഥാനിൽ കളിക്കാനെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക