വിദ്യാർഥികളിലെ സോഷ്യൽ മീഡിയ ആസക്തി: നിയമനിർമാണം ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളിലെ സോഷ്യൽ മീഡിയ ആസക്തിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയം പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഈ മാസം 13ന് നടക്കും. അടുത്ത വർഷം മുതൽ പ്ലസ് വണിന് പരിഷ്കരിച്ച പാഠപുസ്തകങ്ങളായിരിക്കും ഉപയോഗിക്കുക. 15 വർഷത്തിന് ശേഷമാണ് ഈ പരിഷ്കരണം. പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

യൂണിഫോം വിതരണത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും, എങ്കിലും സംസ്ഥാനം തന്നെ ഫണ്ട് കണ്ടെത്തി വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. “കുട്ടികളുടെ കാര്യമാണ്, അത് ചെയ്യാതിരിക്കാനാവില്ല,” എന്നും അദ്ദേഹം പറഞ്ഞു. 1166 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്നും, അതുവരെ സംസ്ഥാന സർക്കാർ തന്നെ ചെലവ് വഹിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വി. സച്ചിദാനന്ദന്റെ വിമർശനങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു: ഇത്തരം പ്രസ്താവനകൾ ജനാധിപത്യ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഇടതുപക്ഷത്തെ വിമർശിക്കുമ്പോൾ അത് ആര്ക്കാണ് ഗുണം ചെയ്യുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചത് കേരളം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക