നിയമസഭ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ അണിനിരത്തി ബിജെപി; 35 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക കേന്ദ്രത്തിന്

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറി. ആദ്യഘട്ടത്തിൽ ‘എ ക്ലാസ്’ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി നീക്കം.

പാർട്ടി വിജയസാധ്യത ഉയർന്നതായി വിലയിരുത്തുന്ന നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖയുടെ പേരാണ് സജീവപരിഗണനയിൽ. നടൻ ജി. കൃഷ്ണകുമാറിന്റെയും പേര് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായി അഭിപ്രായഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീലേഖ മത്സരിക്കില്ലെന്ന സൂചന നൽകിയിരുന്നെങ്കിലും, കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദം ഉണ്ടെങ്കിൽ അവരെ മത്സരിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ കോഴിക്കോട് അല്ലെങ്കിൽ തൃശൂർ മണ്ഡലങ്ങളിൽ പരിഗണിക്കുന്നതായി വിവരം. മുൻ ഡിജിപി ജേക്കബ് തോമസിന്റെ പേരും തൃശൂരിൽ ഉയർന്നിട്ടുണ്ട്. ക്രിസ്ത്യൻ മേധാവിത്വമുള്ള തിരുവല്ല, പാലാ മണ്ഡലങ്ങളിൽ അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ചെങ്ങന്നൂരിൽ പരിഗണിക്കുന്നു.

പാർട്ടിയുടെ പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കായംകുളം മണ്ഡലത്തിൽ പരിഗണിക്കുന്നു. കൂടാതെ പാലക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നടത്തിയ ശക്തമായ പ്രകടനമാണ് കായംകുളത്തെ പരിഗണനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. മലമ്പുഴയിൽ സി. കൃഷ്ണകുമാറിന് മുൻതൂക്കമുണ്ടെന്നാണ് സൂചന.

ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഓരോ മണ്ഡലത്തെയും സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പേരുകൾ രേഖപ്പെടുത്തിയത്. പട്ടിക കേന്ദ്രനേതൃത്വം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടൻ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവിടാനാണ് ബിജെപിയുടെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക