യുദ്ധം മൂലം മരുന്നുകളുടെ ക്ഷാമം; ഇറാന് അടിയന്തര വൈദ്യസഹായത്തിന്റെ ആദ്യ ഗഡു നൽകി ഇന്ത്യ

യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന ഇറാനെ മാനുഷിക കാഴ്ചപ്പാടോടെ ഇന്ത്യ പിന്തുണച്ചു. യുദ്ധം മൂലം മരുന്നുകളുടെ ക്ഷാമം നേരിടുന്ന ഇറാന് , അടിയന്തര വൈദ്യസഹായത്തിന്റെ ആദ്യ ഗഡു നൽകി. ഈ സഹായം ഇറാനിൽ എത്തിയതായി ഇറാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യൻ ജനങ്ങളോടും സർക്കാരിനോടും അവർ നന്ദി അറിയിച്ചു.

ഫെബ്രുവരി 28 മുതൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഇറാനിൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ് . ആയിരക്കണക്കിന് സാധാരണക്കാർക്ക് പരിക്കേറ്റു, ആശുപത്രികളിൽ അടിയന്തര മരുന്നുകളുടെ കടുത്ത ക്ഷാമമുണ്ട്. ഇതിന് മറുപടിയായി ഇന്ത്യ ആദ്യ ഗഡു വൈദ്യസഹായം അയച്ചു. ഈ സഹായം ‘ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി’ക്ക് ലഭിച്ചു. ന്യൂഡൽഹിയിലെ ഇറാൻ എംബസി ബുധനാഴ്ച സോഷ്യൽ മീഡിയ വഴി ഇക്കാര്യം അറിയിച്ചു.

ഇറാനിലെ പൗരന്മാർക്ക് മാനുഷിക സഹായം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു . ആ ചർച്ചകൾ ഫലം കണ്ടു, ഇപ്പോൾ സഹായം എത്തി എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയ്‌ക്കൊപ്പം ചൈന, അസർബൈജാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇറാന് സഹായം നൽകുന്നുണ്ട്. യുദ്ധം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചുവരികയാണ്.

മറുപടി രേഖപ്പെടുത്തുക