ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികം: ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനെ തുടർന്ന് പ്രതികരണവുമായി എംപി ഷാഫി പറമ്പിൽ രംഗത്തെത്തി. ഭരണം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനാൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർഥിത്വത്തിനായി മുന്നോട്ട് വരുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺഗ്രസിൽ മാത്രമല്ല, മറ്റ് പാർട്ടികളിലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് മണ്ഡലങ്ങളിലേക്കുള്ള ചർച്ചകളും തുടരുകയാണെന്നും, വിഷയത്തെ എംപിമാരിലേക്ക് മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. നേതാക്കൾ എല്ലാവരും പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

പികെ ശശിയുടെ കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനമാണ് താനും പിന്തുടരുന്നതെന്ന് ഷാഫി വ്യക്തമാക്കി. സിപിഐഎമ്മിൽ നിന്ന് വിട്ടുവന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രമേഷ് പിഷാരടി പാലക്കാട് മണ്ഡലത്തിന് അനുയോജ്യനായ വ്യക്തിയാണെന്നും, പ്രതിസന്ധികളിലും പാർട്ടിക്കൊപ്പം ഉറച്ച് നിന്ന കലാകാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക