കേരളത്തിൽ നൂറിലധികം സീറ്റുകൾ നേടി യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) അധികാരത്തിൽ വരുമെന്ന് പറവൂർ മണ്ഡലം സ്ഥാനാർഥിയായ വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ “വനവാസത്തിന് പോകും” എന്നും, ഫലം അനുകൂലമായാൽ അത് മുഴുവൻ ടീം യുഡിഎഫിന്റെ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറവൂരിലെ എല്ലാവരും തൻ്റെ ബന്ധുക്കളാണെന്നും, എൽഡിഎഫ് സ്ഥാനാർഥിയായ ഇ.ടി. ടൈസൺ തൻ്റെ അടുത്ത സുഹൃത്താണെന്നും സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മത്സരമുണ്ടായാലും വ്യക്തിപരമായ ബന്ധത്തിൽ യാതൊരു പ്രശ്നവും വരരുതെന്നാണ് ഇരുവരുടെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തുവെന്നും, ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും സതീശൻ വിമർശിച്ചു. സംസ്ഥാനത്തെ ഈ സാഹചര്യത്തിൽ നിന്ന് കരകയറാൻ കഠിനാധ്വാനം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സീറ്റ് വിഭജനത്തിൽ തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ചില മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉദ്ദേശപൂർവം വൈകിപ്പിച്ചതാണെന്നും, അതിലൂടെ രാഷ്ട്രീയ വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
