അവൻ ഒരു കുട്ടിയാണ്; വൈഭവിനെ പെട്ടെന്ന് ഇന്ത്യൻ ടീമിലെടുക്കേണ്ടതില്ലെന്ന് അശ്വിൻ

ഐപിഎല്ലിലെ കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം ആവർത്തിച്ച് ശ്രദ്ധ നേടുകയാണ് അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. വെറും 14ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ താരം, 35 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയായിരുന്നു അത്.

ഇപ്പോൾ 15 വയസായ സൂര്യവംശി, ഐപിഎൽ 2026ൽ രാജസ്ഥാന്‍ റോയല്‍സ് ടീമിനായി ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്ക്കെതിരെ വെറും 15 പന്തിൽ അർധ സെഞ്ച്വറി നേടിയ താരം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന നേട്ടവും സ്വന്തമാക്കി. സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 128 റൺസ് ലക്ഷ്യം രാജസ്ഥാൻ 12.1 ഓവറിൽ മറികടന്നു.

ഈ പ്രകടനത്തിന് പിന്നാലെ, വൈഭവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു. മുൻ താരങ്ങളായ മുഹമ്മദ് കൈഫ്, മൈക്കൽ വോൺ എന്നിവരും ഇതിന് പിന്തുണ അറിയിച്ചു.

എന്നാൽ യുവ താരത്തെ അതിവേഗം ദേശീയ ടീമിലേക്ക് ഉയർത്തേണ്ടതില്ലെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി. “അവൻ ഇപ്പോഴും ഒരു കുട്ടിയാണ്. ഇത്തരത്തിലുള്ള സമ്മർദ്ദം ഇപ്പോൾ നൽകേണ്ടതില്ല. ശരിയായ സമയത്ത് അവൻ ഇന്ത്യൻ ടീമിൽ എത്തും. അതിനായി കുറച്ച് കൂടി കാത്തിരിക്കണം,” എന്നാണ് അശ്വിന്റെ പ്രതികരണം.

“15 വയസ്സിൽ തന്നെ 15 പന്തിൽ 50 റൺസ് നേടുന്ന കഴിവ് വലിയ കാര്യമാണ്. ചെന്നൈയ്ക്ക് അവന്റെ ബാറ്റിംഗിന് മറുപടി ഉണ്ടായിരുന്നില്ല. രാജസ്ഥാൻ ആധിപത്യത്തോടെയാണ് കളിച്ചത്,” എന്നും അശ്വിൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക