നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിൽ ശക്തമായ പിടിവലി തുടരുന്നു. കെസി വേണുഗോപാലിനെതിരെ കടുത്ത നിലപാടുമായി വിഡി സതീശനും രമേശ് ചെന്നിത്തലയും നയിക്കുന്ന ക്യാംപുകൾ രംഗത്തെത്തി. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്ന സാഹചര്യത്തിൽ മന്ത്രിസഭയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഇരുവരുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇരുവരും തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ കുറഞ്ഞൊരു പദവിയും അംഗീകരിക്കില്ലെന്നതാണ് ചെന്നിത്തല ക്യാമ്പിന്റെ നിലപാട്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും, അതിനെതിരെയാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം, വി.ഡി. സതീശന് പിന്തുണ ഉയർത്തുന്നതിനായി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് ഉയർന്നാൽ മുസ്ലീം ലീഗ് പിന്തുണയ്ക്കുമെന്ന സൂചനകളും ലഭിക്കുന്നു.
