കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തുടരുന്നതിനിടെ, തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചനയുമായി നേതാക്കള്‍. തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചത്. “വേവോളം കാത്തിരുന്നാല്‍ ആറുവോളം കാത്തിരിക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മുന്‍കാലങ്ങളില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെട്ടിരുന്നുവെങ്കിലും, ഇപ്പോഴത്തെ നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതലായതായി മുരളീധരന്‍ ചൂണ്ടിക്കാട്ടി.അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച നീണ്ടതില്‍ ജനങ്ങളില്‍ അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്നും, ഇനി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച വേണ്ട സാഹചര്യമില്ലെന്നുമാണ് സണ്ണി ജോസഫിന്റെ വിലയിരുത്തല്‍.
ഹൈക്കമാന്‍ഡിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത്തരം ചര്‍ച്ചകള്‍ പതിവാണെന്ന് മുരളീധരൻ പറയുന്നു . വീണ്ടും അഭിപ്രായം തേടിയാലും തന്റെ നിലപാട് മാറില്ലെന്നും അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരന്‍ വ്യക്തമാക്കി.
