സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിന് സാഹചര്യം രൂപപ്പെട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് നിർണായക നിർദേശവുമായി കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് . നിലവിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നാണ് കേരള കോൺഗ്രസ് വിഭാഗത്തിന്റെ നിലപാട്.
ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അത്തരമൊരു രാഷ്ട്രീയ പോരാട്ടത്തിൽ വിജയസാധ്യത ഉറപ്പില്ലെന്ന ആശങ്കയും ജോസഫ് വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്. നിയമ സഭയ്ക്ക് പുറത്തുനിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കുന്നത് പ്രായോഗികമല്ലെന്ന സൂചനയും പി.ജെ. ജോസഫ് നൽകിയിട്ടുണ്ട്.
അതേസമയം, യു.ഡി.എഫ് വിജയിച്ച് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്തത് ഘടകകക്ഷികൾക്കിടയിൽ അതൃപ്തി വർധിപ്പിക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് മുന്നണിക്കുള്ളിൽ അനാവശ്യ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഒരു വ്യക്തിയുടെ പേര് നേരിട്ട് നിർദേശിച്ചിട്ടില്ലെങ്കിലും, നിയമസഭയ്ക്ക് പുറത്തുനിന്നുള്ള നേതാവിനെ പരിഗണിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് കേരള കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
