മന്ത്രിസഭാ രൂപീകരണത്തിൽ കടുത്ത നിലപാട്; പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പക്ഷം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്നുള്ള അതൃപ്തിക്കിടെ മന്ത്രിസഭാ രൂപീകരണത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് കെ.സി. വേണുഗോപാൽ പക്ഷം. ആഭ്യന്തരം, ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളാണ് കെ.സി. വേണുഗോപാൽ വിഭാഗം ആവശ്യപ്പെടുന്നത്.

വിഡി സതീശൻ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി കെ.സി. വേണുഗോപാൽ നേരിട്ടെത്തും. നിലവിൽ ഡൽഹിയിൽ തുടരുന്ന അദ്ദേഹം ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

ഇതിനിടെ രമേശ് ചെന്നിത്തല പക്ഷവും കടുത്ത അതൃപ്തിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെന്നിത്തല വിഭാഗവുമായി ബന്ധപ്പെട്ടും പ്രത്യേക മന്ത്രിസഭാ ചർച്ചകൾ നടത്തും.

എഐസിസി നേതാവ് ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് യുഡിഎഫ് യോഗം ചേരും. ഘടകകക്ഷികളുമായും മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക